തിരുവനന്തപുരം: ക്രിസ്മസ് -ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
തിരക്ക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പോകുന്നവര്‍ മാസ്ക്കുകള്‍ ധരിക്കണമെന്നും വയോധികരെയും മറ്റ് രോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം നിരീക്ഷിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ജനിതക വ്യതിയാനമുണ്ടായ കൊവിഡ് വൈറസ് സാന്നിധ്യവും ക്ലസ്റ്റര്‍ രൂപപ്പെടുന്നുണ്ടോയെന്നതും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാനം ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.