വയനാട് : കര്‍ണാടകത്തിലേക്കുള്ള കൂറ്റന്‍ ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്കിയതിനാല് ഇന്ന് രാത്രി എട്ട് മണി മുതല്‍ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രാത്രി 11 മണിക്കും രാവിലെ അഞ്ചുമണിക്കും ഇടയിലാണ് ട്രക്കിന് വേണ്ടി ചുരം പൂര്‍ണമായും ഒഴിച്ചിടുന്നത്. പൊതുജനങ്ങള്‍ ഈ സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
കര്‍ണാടകയിലെ നഞ്ചങ്കോടുള്ള ബിസ്കറ്റ് ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി എത്തിയ ട്രെയ്ലറുകളാണ് യാത്രക്ക് പുറപ്പെടുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ചുരം കയറിയാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാലാണ് നേരത്തെ അനുമതി നല്‍കാതിരുന്നത്. പന്ത്രണ്ടോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ട്രെയ്ലറുകള് രണ്ടര മാസത്തോളമായി താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. അടിവാരം പൊലീസ് ഔട്ട് പോസ്റ്റിന് സമീപത്തായി ദേശീയപാതയോരത്താണ് ലോറികള്‍ നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.