കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. അയ്യല്ലൂര്‍ കരുവഞ്ഞാല്‍ പ്രദേശത്താണ് പുലി എത്തിയത്. ഇതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലായി.
പുലിയെ കണ്ടതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും രാത്രികാലങ്ങളിൽ വിജന പ്രദേശങ്ങളിൽ ഒറ്റയ്ക്കിറങ്ങാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡിഎഫ്ഒ പി കാർത്തിക്ക് അറിയിച്ചു.
അയ്യല്ലൂർ മേഖലയിൽ പുലിക്കായി വനം വകുപ്പ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നാട്ടുകാരുടെയും പോലീസിന്റെയും സഹകരണത്തോടെയാണ് തെരച്ചിൽ നടത്തി വരുന്നത്. അയ്യല്ലൂരിൽ പുലിയെ കണ്ട റബ്ബർ തോട്ടത്തിലാണ് തെരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് മേഖലയിൽ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. പിന്നാലെ വിവരം വനം വകുപ്പിന് കൈമാറി. പ്രദേശവാസികൾ ആശങ്കയിലായിതോടെ കുറുനരിയെ കടിച്ചു കൊന്നിട്ടതായി കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഈ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനം വകുപ്പ് തിരച്ചിൽ ശക്തമാക്കി.