തിരുവനന്തപുരം: ലോകത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യം നിലവിൽ വന്നതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് കേസുകൾ കുറവാണ്. കൊവിഡ് ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപിഡ് റെസ്പോൺസ് ടീം യോഗം ചേരും. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. കോവിഡ് രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകാതിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അതിനിടെ, ചൈനയിൽ രോഗവ്യാപനത്തിന് കാരണമായ ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഒമിക്രോൺ ബി.എഫ്-7 എന്ന വകഭേദമാണ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകത.
ചൈനയ്ക്ക് പുറമെ, ജപ്പാൻ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.