മലപ്പുറം: ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വര്‍ഗീയവും വംശീയവുമായ വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ എമിലിയാനോ മാര്‍ട്ടിനസിനെ രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെടി ജലീല്‍. എംബാപ്പെയുടെ നിറമാണ് താങ്കളിലെ വര്‍ണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കില്‍ ഓര്‍ക്കുക. വരാനിരിക്കുന്ന ലോകകപ്പ് തൊലി കറുത്തവരുടേത് കൂടിയായിരിക്കുമെന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
താങ്കളുടെ പോസ്റ്റിലേക്ക് നാലു ഗോളുകള്‍ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. കാല്‍പ്പന്തു കൊണ്ട് ചാട്ടുളി തീര്‍ക്കാന്‍ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും. മെസ്സിയെന്ന ഇതിഹാസ താരത്തെയോര്‍ത്ത് മാലോകര്‍ അഭിമാനിക്കുന്ന അതേ അളവില്‍ അങ്ങയെ ഓര്‍ത്ത് ഫുട്‌ബോള്‍ ലോകം ലജ്ജിക്കുന്നുവെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന്റെ സമ്മാനദാന ചടങ്ങിലും, തുടര്‍ന്ന് അര്‍ജന്റീനയില്‍ നടന്ന വിജയഘോഷയാത്രയിലും അര്‍ജന്റീനിയന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഫ്രഞ്ച് താരങ്ങളെ അധിക്ഷേപിച്ചിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മിസ്റ്റര്‍ എമിലിയാനോ മാര്‍ട്ടിനസ്,
താങ്കള്‍ക്ക് എംബാപ്പയെ കളിയാക്കാന്‍ എന്തവകാശം? താങ്കളുടെ പോസ്റ്റിലേക്ക് 4 ഗോളുകള്‍ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. തന്റെ പത്തൊന്‍പതാം വയസ്സില്‍ ഫ്രാന്‍സ് ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ നെപ്പോളിയന്റെ പട നയിച്ച സൈന്യാധിപനാണ് എംബാപ്പെ. ആയുസ്സുണ്ടെങ്കില്‍ ഇനിയും മൂന്ന് ലോക കപ്പുകള്‍ക്ക് ബാല്യമുള്ള കാല്‍പ്പന്തുകളിയിലെ കൊടുങ്കാറ്റിന്റെ രൗദ്രത കാല്‍പാദത്തില്‍ ഒളിപ്പിച്ചുവെച്ച ഷൂട്ടറാണ് എംബാപ്പെ.
ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വര്‍ണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കില്‍ ഓര്‍ക്കുക. വരാനിരിക്കുന്ന ലോക കപ്പുകള്‍ തൊലി കറുത്തവരുടേത് കൂടിയാകും. പെലെയും ഹിഗ്വിറ്റയും സാമുവല്‍ ഏറ്റുവും സാദിയോ മാനെയും യൂനുസ് മൂസയും വിന്‍സന്റ് അബൂബക്കറും ലിലിയന്‍ തുറാമും ബുക്കായോ സാക്കയും വിനീഷ്യസ് ജൂനിയറും അല്‍ഭുതങ്ങള്‍ സൃഷ്ടിച്ച മൈതാനങ്ങളില്‍ കാല്‍പ്പന്തു കൊണ്ട് ചാട്ടുളി തീര്‍ക്കാന്‍ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും.
ഒളിമ്പിക്‌സ് മെഡലുമായി സന്തോഷാരാവത്തില്‍ ഒരു ഹോട്ടലില്‍ കയറിയ എക്കാലത്തെയും വലിയ ബോക്‌സിംഗ് ചാമ്പ്യന്‍ മുഹമ്മദലിയോട് ‘ഇവിടെ കറുത്തവര്‍ക്ക്’ ഭക്ഷണം വിളമ്പാറില്ലെന്ന് നിഷ്‌കരുണം പറഞ്ഞു തൊലി വെളുത്ത വെയ്റ്റര്‍. ആ വെള്ളപ്പിശാചിന്റെ മുഖത്തേക്ക് മെഡല്‍ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന കറുത്ത വര്‍ഗ്ഗക്കാരനെ, അല്ലയോ എമിലിയാനോ, താങ്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്.
മിസ്റ്റര്‍ മാര്‍ട്ടിനസ്, മെസ്സിയെന്ന ഇതിഹാസ താരത്തെയോര്‍ത്ത് മാലോകര്‍ അഭിമാനിക്കുന്ന അതേ അളവില്‍ അങ്ങയെ ഓര്‍ത്ത് ഫുട്‌ബോള്‍ ലോകം ലജ്ജിക്കുന്നു. എംബാപ്പെ നീണാല്‍ വാഴട്ടെ. എംബാപ്പെയുടെ നിറവും.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fdrkt.jaleel%2Fvideos%2F677235187422774%2F&show_text=false&width=269&t=0