പത്തനംതിട്ട: പത്തനംതിട്ടയിലെ തിരുവല്ലയില്‍ ആഭിചാര കൊലയില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഈ മാസം എട്ടിനായിരുന്നു സംഭവം. കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്.
ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജ ചെയ്യാം എന്ന പേരില്‍ അമ്പിളിയെന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയില്‍ എത്തിച്ചത്. ആഭിചാര കര്‍മ്മത്തിനിടെ വാളെടുത്ത് തന്നെ ബലി നല്‍കാന്‍ പോകുന്നുവെന്ന് പറഞ്ഞതായും യുവതി വെളിപ്പെടുത്തി. എന്നാല്‍ ഈ സമയത്ത് അമ്പിളിയുടെ സുഹൃത്ത് വീട്ടിലെത്തിയതോടെ പദ്ധതി പൊളിയുകയായിരുന്നു.
കോളിംഗ് ബെല്ലിന്റെ ശബ്ദംകേട്ട് അമ്പിളി വാതില്‍ തുറക്കാന്‍ പോയ നേരം യുവതി മുറിയില്‍ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട കുടക് സ്വദേശിനി കൊച്ചിയില്‍ തിരിച്ചെത്തി സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ആദ്യം ഭയന്ന് ഇക്കാര്യം പോലീസിനോട് പറഞ്ഞില്ലെങ്കിലും പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.