തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്തകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനിലാണ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് സാധനങ്ങള്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും.
1437 രൂപ വിലവരുന്ന നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡിയായി 755 രൂപ നിരക്കില്‍ ചന്തയില്‍ നല്‍കുന്നത്. സബ്സിഡി നിരക്കില്‍ ചെറുപയറിന് കിലോ 76.10 രൂപയും ഉഴുന്ന് 68.10 രൂപയും കടലയ്ക്ക് 45.10 രൂപയുമാണ്. വന്‍പയര്‍ 47.10 രൂപ, തുവരപ്പരിപ്പ് 67.10 രൂപ, മുളക് (അര കിലോ) 39.60 രൂപ, മല്ലി (അര കിലോ) 41.60 രൂപ, പഞ്ചസാര (ഒരു കിലോ) 24.10 രൂപ, വെളിച്ചെണ്ണ (ഒരു ലിറ്റര്‍) 125 രൂപ എന്നിങ്ങനെ ലഭിക്കും. പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച ചന്ത ജനുവരി രണ്ടിന് അവസാനിക്കും.
ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷതയും സ്റ്റാളുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രിയും നിര്‍വ്വഹിച്ചു. ആദ്യ വില്പന തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നടത്തി. സപ്ളൈകോ സി.എം.ഡി ഡോ. സഞ്ജീവ്കുമാര്‍ പട്ജോഷി, ഡപ്യൂട്ടി മേയര്‍ പി.കെ രാജു എന്നിവര്‍ സംസാരിച്ചു.