തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം പ്രഹസനമെന്ന് രമേശ് ചെന്നിത്തല. ബഫർസോണിനെതിരായി കോഴിക്കോട് കൂരാച്ചുണ്ടിൽ നടക്കുന്ന സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം പ്രഹസനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ആശങ്കയിലുള്ളത്. 13 ദിവസം കൊണ്ട് പരാതി സമർപ്പിക്കാൻ ഒരിക്കലും സാധിക്കില്ല. ബഫർ സോണുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച എല്ലാ വഴികളും പിഴച്ചു. ഏരിയൽ സർവേ സർക്കാർ പൂർണമായും ഉപേക്ഷിക്കണം. കെ-റെയിൽ പോലെ ബഫർ സോണും പൂട്ടിക്കെട്ടിക്കും”. ചെന്നിത്തല പറഞ്ഞു.
അതേസമയം, ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബഫർ സോൺ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. ഫീൽഡ് സര്‍വേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ഫീൽഡ് സര്‍വേ എന്ന് മുതലെന്ന് വിദഗ്ധ സമിതി തീരുമാനിക്കും.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ പരാതി നൽകാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു.