തിരുവനന്തപുരം: ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബഫർ സോൺ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. ഫീൽഡ് സര്‍വേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ഫീൽഡ് സര്‍വേ എന്ന് മുതലെന്ന് വിദഗ്ധ സമിതി തീരുമാനിക്കും.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ പരാതി നൽകാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു.
അതേസമയം, ഫീൽഡ് സർവേ നടത്താനുള്ള ധാരണയും ചർച്ചയിൽ ഉണ്ടായിട്ടുണ്ട്. ഫീൽഡ് സർവേ എങ്ങനെ വേണമെന്ന് വിദഗ്ധ സമിതിയാണ് തീരുമാനമെടുക്കുക. വനം,റവന്യൂ,തദ്ദേശ വകുപ്പുകൾ ചേർന്ന് സർവേ നടത്താം എന്നാണ് സർക്കാർ ആലോചിക്കുന്നത്.
അധികം വൈകാതെ കുടുംബശ്രീയെ കൊണ്ട് സർവേ നടത്താനാണ് ഉദ്ദേശം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അൽപസമയത്തിനുള്ളിൽ നടക്കുന്ന വിദഗ്ധ സമിതി യോഗത്തിലും നാളെ നടക്കുന്ന യോഗത്തിലും ചർച്ച ചെയ്യും.
സെപ്റ്റംബർ 30നാണ് ജസ്റ്റിസ് തോട്ടത്തിൽ വി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയെ വിഷയങ്ങൾ പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിയോഗിച്ചത്. എന്നാൽ പരാതികൾ ഉയർന്ന് വരുന്ന സാഹചര്യത്തിൽ സമിതിയുടെ കാലാവധി നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഇന്ന് ബഫർ സോണിനെതിരെ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മലയോര മേഖലകളിൽ ശക്തമായ പ്രതിഷേധം ഉണ്ടായി. തിരുവനന്തപുരം അമ്പൂരിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബഫർസോൺ മാപ്പ് കത്തിച്ച് പ്രതിഷേധിച്ചു.
അമ്പൂരിയിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പൂർണമായും ജനവാസമേഖലയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഏകദേശ മൂവായിരത്തോളം കുടുംബങ്ങളാണ് ബഫർ സോൺ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. മാനുവൽ സർവേ നടത്താതെ വീടുകളും വാണിജ്യസ്ഥാപനങ്ങളും നിജപ്പെടുത്താൻ ആവില്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. എന്നാൽ ഓരോ പ്രദേശത്തും എത്ര വീടുകളും വാണിജ്യസ്ഥാപനങ്ങളുമുണ്ടെന്ന് കാട്ടുന്ന പഞ്ചായത്ത്‌ലിസ്റ്റ് സർക്കാർ പരിഗണിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോഴിക്കോട് കൂരാച്ചുണ്ടിൽ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. കെ റെയിൽ പോലെ ബഫർസോണും പൂട്ടിക്കെട്ടിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു.