തിരുവനന്തപുരം: ബഫര്‍സോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് അഞ്ചു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഓഗസ്റ്റ് 29ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിനാണെന്നും ആദ്യ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത മാത്രമുള്ള രണ്ടാമത്തെ ഉത്തരവ് എന്തിന് പുറത്തിറക്കിയെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?. ഉപഗ്രഹ സര്‍വെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ?. റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന് ?. അപൂര്‍ണമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് കേരളത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം, മാനുവല്‍ സര്‍വ്വേ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്. വിദഗ്ധ സമിതി എന്ത് ചെയ്‌തെന്ന് പോലും സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഒരു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും മുന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും എന്ന് ഉത്തരവില്‍ പറഞ്ഞതല്ലാതെ വിദദ്ധ സമിതി ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.