കൊച്ചി : റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് കേരളത്തില്‍ ഇന്ന് തുടക്കമാകും. കൊച്ചി നഗരത്തിലാണ് ആദ്യം സേവനം ലഭിക്കുക. കൊച്ചി നഗരസഭ പരിധിയില്‍ ഇന്ന് വൈകീട്ട് മുതല്‍ സേവനം ലഭിച്ചു തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന് 5ജി ഉദ്ഘാടനം ചെയ്യും.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി വിദ്യാഭ്യാസ,മെഡിക്കല്‍,തൊഴില്‍ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നതില്‍ വിശദമായ അവതരണവും നടക്കും.
അതേസമയം, ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്. തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായി ആണ് 5 ജി കിട്ടുക. അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 5 ജി ഫോണുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സില്‍ മാറ്റം വരുത്തിയാല്‍ 5 ജി റെഡി. സിം കാര്‍ഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം.
ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കോൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 5ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും രണ്ട് വീതം നഗരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഓരോ നഗരങ്ങളിൽ മാത്രമാണ് 5ജി എത്തിയത്. ഈ വർഷം ഒക്ടോബർ ഒന്നിനായിരുന്നു രാജ്യത്ത് 5ജി ലഭ്യമായിത്തുടങ്ങിയത്. തുടക്കത്തിൽ എട്ട് പ്രധാന നഗരങ്ങളിൽ ചിലയിടങ്ങളിലായി മാത്രമാണ് 5ജി എത്തിയത്.