തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നു രാജ്ഭവൻ അറിയിച്ചു.
തിരുവനന്തപുരം കെ.ടി.ഡി.സി. മാസ്‌കോട്ട് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30-നാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, മതമേലധ്യക്ഷന്മാർ എന്നിവർക്കു ക്ഷണമുണ്ട്.
ഗവർണർ തുടർച്ചയായി സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് വിരുന്നിന് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കൂടി അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. ഗവർണരുടെ ക്ഷണം സ്വീകരിച്ചു ചടങ്ങിനു പോയാൽ ഒത്തുതീർപ്പുണ്ടാക്കി എന്ന പ്രചാരണം പ്രതിപക്ഷം നടത്തുമോ എന്ന ആശങ്ക സർക്കാരിനുണ്ടായിരുന്നു. കഴിഞ്ഞ തവണ മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്.
നേരത്തെ, ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല. ഈ വർഷം തലസ്ഥാനത്ത് നടന്ന ഓണാം വാരാഘോഷ സമാപന പരിപാടിയിൽ സർക്കാർ തന്നെ ഒഴിവാക്കിയതിൽ ഗവർണർ മുൻപ് നീരസം പ്രകടിപ്പിച്ചിരുന്നു.
ഗവര്‍ണര്‍ എത്തുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവര്‍ണറെ ഒഴിവാക്കിയിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണയും ഗവര്‍ണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എന്നാല്‍, സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി ചർച്ചയാകുന്നത്.
മുഖ്യമന്ത്രിയുടെ വിരുന്നുകള്‍ക്ക് സാധാരണനിലയില്‍ ഗവര്‍ണര്‍മാരെ ക്ഷണിക്കുന്ന പതിവില്ല. കഴിഞ്ഞ റംസാന്‍ കാലത്ത് നടത്തിയ ഇഫ്താര്‍ വിരുന്നിലും ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍, ജസ്റ്റിസ് പി. സദാശിവം ഗവര്‍ണറായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നുകളിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു.