കൊച്ചി: ലോകകപ്പ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ കൊച്ചിയില്‍ പൊലീസുകാരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. കലൂര്‍ സ്വദേശികളായ അരുണ്‍, ശരത്ത്, റിവിന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അതേസമയം, സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കലൂര്‍ മെട്രോ സ്റ്റേഷന് സമീപം നടുറോഡില്‍ വെച്ചായിരുന്നു ആക്രമണം. സ്റ്റേഡിയം പരിസരത്ത് നിന്ന് ഇറങ്ങി വന്നവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് കൂടുതല്‍ ആക്രമണത്തില്‍ നിന്നും പൊലീസുകാരെ രക്ഷപ്പെടുത്തിയത്.