കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ വിജയാഘോഷത്തിനിടെ പലയിടത്തും സംഘര്‍ഷം. കണ്ണൂരില്‍ ഫുട്ബോള്‍ ആഘോഷത്തിനിടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. കണ്ണൂര്‍ പള്ളിയാന്മൂലയില് ഇന്നലെ രാത്രി 12 മണിയോടെയുണ്ടായ സംഘര്‍ഷത്തിലാണ് മൂന്ന് പേര്‍ക്ക് വെട്ടേറ്റത്. അനുരാഗ്, ആദര്‍ശ്, അലക്സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ അനുരാഗിന്റെ പരിക്ക് അല്പം ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ അക്രമികളായ ആറ് പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, വിജയാഘോഷത്തിനിടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു. തിരുവനന്തപുരം പൊഴിയൂരില്‍ എസ്ഐ സജികുമാറിനാണ് മര്‍ദ്ദനമേറ്റത്. ഫുട്ബോള്‍ വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് പൊലീസുകാരെ ആക്രമിച്ചത്. എസ്ഐയെ തറയില്‍ തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പൊഴിയൂര്‍ സ്വദേശി ജസ്റ്റിന് പിടിയിലായി.
കൂടാതെ, കൊച്ചി കലൂരിലും പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. രാത്രി നടുറോഡില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. സ്റ്റേഡിയം പരിസരത്ത് നിന്ന് ഇറങ്ങി വന്നവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.