ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഇന്ന് 1,04,478 പേരാണ് ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കും മുമ്പേ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഈ സീസണിലെ റെക്കോര്‍ഡ് രജിസ്‌ട്രേഷനാണിത്.
അതേസമയം, കഴിഞ്ഞദിവസം മുതല്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും ദര്‍ശനത്തിനായി പ്രത്യേകം ക്യൂ ഒരുക്കിയിട്ടുണ്ട്. നടപ്പന്തല്‍ മുതലാവും ക്യൂ ആരംഭിക്കുക. ക്യൂവില്‍ മുന്‍ഗണനയുള്ളവര്‍ക്കൊപ്പം തീര്‍ഥാടകസംഘത്തിലെ ഒരാളെക്കൂടി അനുവദിക്കും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ 15ന് ചേര്‍ന്ന അവലോകനയോഗത്തിലാണ് പ്രത്യേക ക്യൂ ഒരുക്കാന്‍ തീരുമാനിച്ചത്. കുട്ടികളായിട്ട് വരുന്നവര്‍ക്ക് ഉടന്‍ പോകാന്‍ സാധിക്കും. അങ്ങനെ വരുന്നവര്‍ പ്രത്യേക ക്യൂവില്‍ വന്ന് ആ ക്യൂവിലെ നടപ്പന്തലില്‍ നിന്ന് പതിനെട്ടാം പടി പോകാനുള്ള സൗകര്യം ഉണ്ടാക്കുന്നുണ്ട്. കുട്ടികള്‍ തളര്‍ന്നു പോയിട്ടുണ്ടെങ്കില്‍ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരക്കുള്ള സമയങ്ങളില്‍ കുട്ടികളെയും വയോധികരെയും ഭിന്നശേഷിക്കാരെയും പതിനെട്ടാം പടിയിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തുടരുകയാണ്. കൂടാതെ മലയിറങ്ങി തിരിച്ചുപോകുന്നവര്‍ പമ്പയില്‍ കുടുങ്ങാതിരിക്കാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്രിസ്മസ് അവധിയുള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ മണ്ഡലപൂജയ്ക്ക് അടുപ്പിച്ച് വരും ദിവസങ്ങല്‍ തിരക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.