വാമോസ് അർജന്റീന..വാമോസ് മെസി..മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
എയ്ഞ്ചൽ ഡി മരിയയുടെയും ലയണൽ മെസിയുടെയും ഗോളുകളിലൂടെ ആദ്യ പകുതി മുതൽ മുന്നിട്ടുനിന്ന് മെസ്സിപ്പടയെ രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളിലൂടെ ഫ്രഞ്ച് പട സമനിലയിൽ കുരുക്കിയിരുന്നത്. എന്നാൽ 108ാം മിനുട്ടിൽ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാർട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്പിലേക്കായിരുന്നു. ഇതോടെ മെസി ഗോൾ പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോൾവര കടന്നിരുന്നു.
80ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. അധിക സമയത്തിന്റെ അവസാനത്തിൽ അർജൻറീന മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫ്രഞ്ച് തട്ടിത്തകർന്നു.
മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് അത്യുജ്ജലമായി തട്ടിയകറ്റി. ഇതോടെ മത്സരം അധികസമയവും സമനിലയില്‍ കലാശിച്ചു.
ഫ്രാന്‍സിനായി ആദ്യ കിക്കെടുത്ത എംബാപ്പെ അനായാസം ലക്ഷ്യം കണ്ടു. മാര്‍ട്ടിനെസ്സിന്റെ കൈയ്യില്‍ തട്ടിയാണ് പന്ത് വലയില്‍ കയറിയത്. അര്‍ജന്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസ്സിയും പിഴച്ചില്ല താരവും ലക്ഷ്യം കണ്ടു. ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്ത കിങ്സ്ലി കോമാന്റെ കിക്ക് മാര്‍ട്ടിനെസ് തട്ടിയകറ്റി. പിന്നാലെ വന്ന ഡിബാല ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 2-1 ന് മുന്നില്‍ കയറി. ഫ്രാന്‍സിനായി മൂന്നാം കിക്കെടുത്ത ചൗമനിയുടെ ഷോട്ട് ഗോള്‍പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ വന്ന പരഡെസ് കൂടി ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 3-1 ന് ലീഡെടുത്തു. നാലാം കിക്കെടുത്ത കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടിയതോടെ സ്‌കോര്‍ 3-2 ആയി. നാലാമത്തെ നിര്‍ണായക കിക്കെടുക്കാനായി വന്നത് മോണ്ടിയലാണ്. താരം ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 4-2 ന് വിജയം നേടി ലോകകിരീടത്തില്‍ മുത്തമിട്ടു.