ദോഹ: ലോകകപ്പ് ഫൈനലിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ തിരിച്ചടിച്ച് ഫ്രാൻസ്. എയ്ഞ്ചൽ ഡി മരിയയുടെയും ലയണൽ മെസിയുടെയും ഗോളുകളിലൂടെ ആദ്യ പകുതി മുതൽ മുന്നിട്ടുനിന്ന് മെസ്സിപ്പടയെ രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളിലൂടെ ഫ്രഞ്ച് പട സമനിലയിൽ കുരുക്കി.
80ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. ഇതോടെ മത്സരം അധികസമയത്തിലേക്ക് നീണ്ടിരിക്കുകയാണ്.
23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് അർജൻറീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് മെസി ഗോളാക്കിയത്. തുടർന്ന് 36ാം മിനുട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. മക് അല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
രണ്ടാം പകുതിയുടെ തുടക്കം മുതൽ കളം നിറഞ്ഞത് അർജന്റീന മികച്ച മുന്നേറ്റങ്ങൾ നടത്തി ഫ്രഞ്ച് ഗോൾ മുഖത്ത് നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിട്ടു. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി മെസി പടയെ വിറപ്പിച്ച് കിലിയൻ എംബാപ്പെയുടെ എണ്ണം പറഞ്ഞ രണ്ടു ഗോൾ. കോളോ മുവാനിയെ ഒട്ടമെൻഡി വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി എംബാപ്പെ വലയിൽ നിക്ഷേപിച്ചു. അർജന്റീനയുടെ ഞെട്ടൽ മാറും മുമ്പ് അടുത്ത ഗോളും പിറന്നു.
ടീമുകളുടെ ലൈനപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എയ്ഞ്ചൽ ഡി മരിയ അർജൻറീനൻ നിരയിൽ തിരിച്ചെത്തി. അഡ്രിയാൻ റോബിയോയും ഉപമെകാനോയും ഫ്രാൻസ് ടീമിലും കളിക്കുന്നുണ്ട്. 16ാം മിനുട്ടിൽ മെസിയിലൂടെ ഡി മരിയക്ക് ലഭിച്ച പാസ് എതിർപോസ്റ്റിന് മുകളിലൂടെയാണ് അടിച്ചത്. ഫ്രാൻസിനെതിരെ ഫൈനലിൽ അർജൻറീനയിറങ്ങിയതോടെ സൂപ്പർ താരം ലയണൽ മെസി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി. 26ാമത് മത്സരമാണ് ഇന്നത്തോടെ താരം കളിക്കുന്നത്.
അർജൻറീന
എമി മാർട്ടിനെസ്, മൊളീന, റൊമേരോ, ഒടമെൻഡി, തഗ്‌ലിഫ്‌കോ, ഡീ പോൾ, ഫെർണാണ്ടസ്, മാക് അലിസ്റ്റർ, ഡി മരിയ, മെസി, അൽവാരസ്.
ഫ്രാൻസ്
ലോറിസ്, കൗണ്ടെ, ഉപമെകാനോ, വരണെ, ഹെർണാണ്ടസ്, റാബിയോ, ഷുവാമെനി, എംബാപ്പെ, ഗ്രീസ്മാൻ, ഡെംബെലെ, ജിറൗദ്.