കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ സി.ഐ പി.ആർ സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ആരോപണവിധേയനായ സി.ഐ ഇപ്പോൾ സസ്പെൻഷനിലാണ്.
15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ.സുനു. ഓരോ കുറ്റകൃത്യത്തെ കുറിച്ചും വിശദമായി പരാമർശിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ദളിത് പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പ്തല അന്വഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ.
എഫ്.ഐ.ആറിൽ പ്രതിയായിരിക്കെ സുനു ജോലിക്കെത്തിയത് വിവാദമായിരുന്നു. തുടർന്ന് അദ്ദേഹത്തോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ വീട്ടിൽവെച്ചും കടവന്ത്രയിൽവെച്ചും സി.ഐ അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദ്ദേശം നൽകുകയും ചെയ്തു. പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടിയിൽ സൂക്ഷമ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.