തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാല്‍സംഗ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ സിഐ പി ആര് സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇതിനുള്ള കരട് ഉത്തരവ് നിയമ സെക്രട്ടറി അംഗീകരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറി.
പി ആര് സുനുവിന്റെ പിരിച്ചുവിടല്‍ ഉത്തരവ് മാതൃകയാക്കി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പോലിസുകാര്‍ക്കെതിരെയും പിരിച്ചുവിടലുണ്ടാവും. പോക്സോ പ്രതികള്‍ ഉള്‍പ്പടെ അറുപതോളം പേര് ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പോലിസുകാരുടെ പട്ടികയിലുണ്ട്.
ബലാത്സംഗം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് സുനു. തൃശൂരിൽ എസ് ഐ ആയിരുന്നപ്പോൾ പീഡനക്കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എൻജിനിയറിങ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നിട്ടും ഇയാളെ സിഐയായി പ്രെമോഷൻ നൽകിയെന്നതാണ് വസ്തുത.
കൊച്ചി മരട് സ്വദേശിയാണ് പി ആർ സുനു. മുളവുകാട് സ്റ്റേഷനിൽ ജോലി ചെയ്യവേ, ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ കേസിൽ ഇയാൾ റിമാൻഡിൽ ആയിട്ടുണ്ട്. തുടർന്നാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ 8 മാസമായി പി ആർ സുനു കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ്.
സുനു ഉൾപ്പെടെയുള്ള സംഘം പീഡിപ്പിച്ചതായി ആരോപിച്ച് തൃക്കാക്കര സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ വീട്ടമ്മയാണ് പരാതി നൽകിയത്. കഴിഞ്ഞ മേയിലായിരുന്നു പരാതി നൽകിയിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയായിരുന്നു. തൃക്കാക്കരയും കടവന്ത്രയും അടക്കം വിവിധ സ്ഥലങ്ങളിൽവച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു. തൊഴിൽ തട്ടിപ്പ് കേസിൽ യുവതിയുടെ ഭർത്താവ് ജയിലിലാണ്. ഭർത്താവിന്റെ സുഹൃത്ത് അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് സുനു.
കഴിഞ്ഞ മെയ് മാസം തൊട്ട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തെന്നാണ് ഇന്നലെ യുവതി നൽകിയ പരാതിയിൽ പറയുന്നത്. സി ഐ അടക്കമുള്ളവരാണ് ബലാത്സംഗം ചെയ്തത്. പരാതിപ്പെട്ടാൽ ജീവന് വരെ ഭീഷണിയുണ്ടായേക്കാമെന്നുള്ളതുകൊണ്ടും ജയിലിൽ കഴിയുന്ന ഭർത്താവിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കാമെന്നും ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി വ്യക്തമാക്കി. തൃക്കാക്കരയിലാണ് പരാതിക്കാരി താമസിക്കുന്നത്. ഇവരുടെ വീട്ടിൽവച്ചും പലയിടത്തുകൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പി.ആർ. സുനുവിന്റെ കേസുകൾ സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് സംസ്ഥാന പോലീസിൽ ക്രിമിനൽ കേസ് പ്രതികളായ 828 പോലീസ് ഉദ്യോഗസ്ഥരുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.