കൊച്ചി: ശബരിമല തീർഥാടകർക്കു പമ്പയിൽനിന്നു കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ കലക്ടറോടു ഹൈക്കോടതിയുടെ നിർദേശം. ഗ്രൂപ്പ് ബുക്കിങ് നടത്തിയവരുടെ ഉൾപ്പെടെ ബുദ്ധിമുട്ടുകൾക്കു പരിഹാരമുണ്ടാകണമെന്നും കോടതി നിർദേശിച്ചു. ഈ വിഷയത്തിൽ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ശബരിമല സ്പെഷൽ കമ്മിഷണർ, കെഎസ്ആർടിസി സ്പെഷൽ ഓഫിസർ, ദേവസ്വം ബോർഡ് എക്സിക്യുട്ടിവ് എൻജിനീയർ എന്നിവരുമായി ആലോചിച്ച് സംവിധാനം രൂപീകരിക്കണമെന്നാണു നിർദേശം.
കെഎസ്ആർടിസി ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പ്രശ്നങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കലക്റ്റർക്ക് നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവി, കെഎസ്ആർടിസി ഓഫിസർ, സ്പെഷ്യൽ കമ്മിഷണർ എന്നിവരോട് കൂടിയാലോചന നടത്തിയാണ് നടപടി സ്വീകരിക്കേണ്ടത്.
ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഇതരസംസ്ഥാന ഡ്രൈവർമാരെ ബോധവൽക്കരിക്കണമെന്നും മോട്ടർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എരുമേലി കണ്ണിമലയിലെ അപകടത്തിൽ ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. വിഷയം ബുധനാഴ്ച്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
ഇന്നലെ എരുമേലി-പൂഞ്ഞാർ സംസ്ഥാനപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് പത്തു വയസുകാരി മരിച്ചിരുന്നു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ഹൈകോടതി ഇടപെടൽ. ചെന്നൈ താംബരം സ്വദേശി രാമുവിന്‍റെ മകള്‍ സംഘമിത്രയാണ് മരിച്ചത്.
തമിഴ്നാട്ടിൽനിന്ന് ശബരിമലയിലേക്ക് പോയ മിനിവാനാണ് കണ്ണിമല മഠംപടിയിലെ വളവിൽ നിയന്ത്രണംതെറ്റി 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. സംഘമിത്രയെ ഉടൻ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.