മലേഷ്യ: മലേഷ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ക്വാലാലംപൂരിന് 50 കിലോമീറ്റര്‍ വടക്കുള്ള ബതാങ് കാലി പട്ടണത്തിനടുത്തുള്ള ഓര്‍ഗാനിക് ഫാമിലാണ് കഴിഞ്ഞ വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ ദുരന്തം നടന്ന് ഒരു ദിവസത്തിന് ശേഷം ചെളിയിലും അവശിഷ്ടങ്ങളിലും അകപ്പെട്ടവരെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് സെലാന്‍ഗോര്‍ സ്റ്റേറ്റ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡയറക്ടര്‍ നോറസാം ഖാമിസ് പറഞ്ഞു. 400 ഓളം പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
അതേസമയം, പ്രദേശത്ത് മണ്ണിടിച്ചിലുണ്ടാകുമ്പോള്‍ ഏകദേശം 90 ഓളം പേര് ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഭൂരിഭാഗം പേരും അപകടം സംഭവിക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു. 61 പേരെ അപകട സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ അകപ്പെട്ട ഒരു അമ്മയേയും കുഞ്ഞിനെയും ആലിംഗനാബദ്ധരായി മണ്ണിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും നോറസാം ഖാമിസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഫാമിന് ക്യാമ്പ് സൈറ്റ് നടത്താനുള്ള ലൈസന്‍സ് ഇല്ലെന്നും നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍ തക്കതായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായം നല്‍കുമെന്ന് പ്രദേശം സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് സെലാംഗൂര്‍ മുഖ്യമന്ത്രി അമീറുദ്ദീന്‍ ശാരി ട്വീറ്റ് ചെയ്തു.