തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ യുവാക്കളുടെ കൂട്ടത്തല്ല്. ഇന്നലെ രാത്രിയാണ് ആശുപത്രി വളപ്പില്‍ യുവാക്കള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടിയത്. തമ്പാനൂര്‍ ബാറില്‍ നിന്നാരംഭിച്ച സംഘര്‍ഷമാണ് ആശുപത്രി വളപ്പിലെത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഘര്‍ഷമുണ്ടാക്കിയവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ബാറിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയതിനിടെ സംഘര്‍ഷമുണ്ടാക്കിയവരും ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി വളപ്പില്‍ വീണ്ടും ഏറ്റുമുട്ടി. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.