കിംഗ് ഖാന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താന്. ഇപ്പോഴിതാ വിവാദമായ ചിത്രം പത്താനെതിരെ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്തെത്തിയിരിക്കുകയാണ്. സിനിമ വിലക്കണമെന്ന് മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടു. ചിത്രത്തില്‍ സ്ത്രീകള്‍ അല്പ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താന് എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും സയ്യിദ് അനസ് അലി ആരോപിച്ചു.
നേരത്തെ നൃത്തരംഗത്തില്‍ നടി ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും രംഗത്തുവന്നിരുന്നു. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്.
അതേസമയം, സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജനുവരി 25ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്.