കൊച്ചി: അഡ്വര്‍ട്ടിസിംഗ് രംഗത്ത് നല്കി വരുന്ന പ്രശസ്തമായ പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഡ്വെട്ടിസര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മാതൃഭൂമി ക്ലബ് എഫ് എം കരസ്ഥമാക്കി. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ മാഡിസണ്‍ ബിഎംബി സിഇഒയും സിസിഒയുമായ രാജ് നായര്‍ മുഖ്യാതിഥിയായിരുന്നു.
തിരുവനന്തപുരം ആസ്ഥാനമായ പ്ലെയിന്‍ സ്പീക്ക് കേരളത്തിലെ മികച്ച ഏജന്‍സിക്കുള്ള പ്രത്യേക ജ്യൂറി പുരസ്കാരത്തിന് അര്‍ഹരായി. ബെസ്റ്റ് ഓഫ് തമിഴ്നാട് അവാര്‍ഡ് ചെന്നൈ ആസ്ഥാനമായ ഒപിഎന്‍ അഡ്വര്‍ട്ടിസിങ്ങും ബെസ്റ്റ് ഓഫ് കര്‍ണാടക അവാര്‍ഡ് ബെംഗലൂരു ആസ്ഥാനമായ നിര്‍വാണ ഫിലിംസും കരസ്ഥമാക്കി. ക്രിയേറ്റിവ് എക്സലന്‍സിന് വീ ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ പ്രത്യേക അവാര്‍ഡിനും നിര്‍വാണ ഫിലിംസ് അര്‍ഹരായി.
അഡ്വര്‍ട്ടിസിംഗ് രംഗത്ത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയതും ഇന്ത്യയിലെ രണ്ടാമത്തെ വലിയ അവാര്‍ഡുമാണ് പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡ്. മേഖലാടിസ്ഥാനത്തിലുള്ള ഏജന്‍സി ഓഫ് ദി ഇയര്‍, അഡ്വെര്‍ട്ടിസര്‍ ഓഫ് ദി ഇയര്‍ എന്നിവക്ക് പുറമേ 23 വിഭാഗങ്ങളിലായി 18 സ്വര്‍ണം, 38 വെള്ളി, 44 വെങ്കലം തുടങ്ങി 29 ഫൈനലിസ്റ്റുകളും ഉള്‍പ്പെടുന്നതായിരുന്നു ഇത്തവണത്തെ പെപ്പര്‍ അവാര്‍ഡ്.
പെപ്പര്‍ ട്രസ്റ്റും സേക്രഡ് ഹാര്‍ട്ട്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനും സംയുക്തമായി ക്വെസ്റ്റ് ഫോര്‍ ബെസ്റ്റ് ഗ്രാഫിക്ക് ഡിസൈനേഴ്സ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു. ഒഗില്‍വി സൗത്ത് ഗ്രൂപ്പ് ക്രിയേറ്റിവ് ഡയറക്ടര്‍ ജോര്‍ജ് കോവൂര്‍, പെപ്പര്‍ ട്രസ്റ്റ് ചെയര്മാന് കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ട്രസ്റ്റിമാരായ ലക്ഷ്മണ് വര്‍മ, R മാധവമേനോന്, PK നടേഷ്, Dr T, വിനയകുമാര്‍, U S കുട്ടി, V രാജീവ് മേനോന്, G ശ്രീനാഥ്, സന്ദീപ് നായര്‍, അനില്‍ ജെയിംസ്, ചിത്രപ്രകാശ് M, വര്‍ഗീസ് ചാണ്ടി, B K ഉണ്ണികൃഷ്ണന്, സ്കന്ദരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.