കോഴിക്കോട്: കൂടത്തായി റോയ് കൊലക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹര്‍ജി തള്ളി. കോഴിക്കോട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തളളിയത്. കേസില്‍ ഈ മാസം 24 ന് വിചാരണ ആരംഭിക്കും.
അതേസമയം, 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 246 സാക്ഷികളാണുള്ളത്. കേസില്‍ 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയല്‍ ഒബ്‌ജെക്ട്‌സും സമര്‍പ്പിച്ചിരുന്നു. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.
കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായില്‍ അരങ്ങേറിയത്. 17 വര്‍ഷങ്ങള്‍ക്കിടെ ഭര്‍ത്താവടക്കം ആറ് പേരെയാണ് ജോളി വിഷം നല്‍കി കൊലപ്പെടുത്തിയത്. 2002 ആഗസ്റ്റ് 22 നായിരുന്നു ആദ്യ കൊലപാതകം. ഭര്‍തൃമാതാവായിരുന്ന അന്നമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. 6 വര്‍ഷത്തിന് ശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് കൊല്ലപ്പെട്ടു. സോഡിയം സയനൈഡ് നല്‍കിയായിരുന്നു കൊലപാതകം. പിന്നീട് 2011 സെപ്തംബറിലാണ് ജോളി തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം.
2014 ഫെബ്രുവരിയില്‍ നാലാമത്തെ കൊലപാതകം. മാത്യു മഞ്ചാടിയെ കൊന്നത് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയായിരുന്നു. പിന്നാലെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ഒന്നരവയസുകാരി ആല്‍ഫൈന് ബ്രഡില്‍ സയനൈഡ് തേച്ച് നല്‍കി കൊലപ്പെടുത്തി. ആറാം കൊലപാതകം ഷാജുവിന്റെ ഭാര്യ സിലിയെ ഫ്രൈഡ് റൈസില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു.