ന്യൂഡൽഹി: റാങ്ക് ലിസ്റ്റുകളുടെ കാലാവധി 3 മാസമെങ്കിലും നീട്ടണമെന്ന ഹൈക്കോടതി വിധിക്കെതിരെ പി.എസ്.സി നൽകിയ ഹർജിയിൽ സുപ്രീം കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. റാങ്ക് ലിസ്റ്റ് നീട്ടാനുള്ള പി.എസ്.സിയുടെ അധികാരത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് ആരോപിച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശിച്ചു.
കോവിഡ് സമയത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നത് കണക്കിലെടുത്ത് 2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനും ഇടയിൽ കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ഓഗസ്റ്റ് 4 വരെ നീട്ടാൻ പി.എസ്.സി. തീരുമാനിച്ചിരുന്നു. എന്നാൽ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോള്‍ ഓരോ റാങ്ക് പട്ടികയ്ക്കും കുറഞ്ഞത് മൂന്നുമാസം സമയം നീട്ടി നല്‍കണമായിരുന്നെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
ഇക്കാലയളവില്‍ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകള്‍ക്ക് മൂന്നുമാസംകൂടി നീട്ടിനല്‍കിയതായി കണക്കാക്കണം. ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ഹര്‍ജിക്കാരുടെ ക്ലെയിം പരിഗണിച്ച് രണ്ടുമാസത്തിനകം നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
എന്നാൽ ഹൈക്കോടതിയുടെ ഈ നടപടി പി.എസ്.സി. ചട്ടങ്ങൾക്ക് വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. റാങ്ക് പട്ടിക നീട്ടാൻ കോടതിക്ക് അധികാരം ഇല്ലെന്ന് പി.എസ്.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിപിൻ നായർ വാദിച്ചു. പഴയ ലിസ്റ്റ് വീണ്ടും നീട്ടിയാല്‍ അത് പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് പി.എസ്.സിയുടെ ഹർജിയിൽ ഉദ്യോഗാർഥികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.