കൊച്ചി: അടുത്ത നിയമസഭാ സമ്മേളന സമയത്ത് കെ-റെയില്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ സഭ വളയാന്‍ തീരുമാനം. പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതോടെയാണ് പുതിയ നീക്കം. പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് സമാഹരിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കും.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ സമരസമിതിയെ പ്രേരിപ്പിച്ചത്.
വീണ്ടും ജനങ്ങളെ തെരുവിൽ ഇറക്കുന്നത് സർക്കാരിന്റെ കഴിവ് കേടാണെന്നും സമര സമിതി നേതാക്കൾ പറഞ്ഞു. ജനകീയ പ്രതിരോധത്തിന് മുന്നിലാണ് സർക്കാരിന് താൽക്കാലികമായി പിന്തിരിയേണ്ടിവന്നത്. ജനാധിപത്യപരമായ സമീപനങ്ങളില്ലാത്ത സർക്കാർ അത് അംഗീകരിക്കുന്നില്ല. ജനകീയ പ്രതിരോധത്തെ അവഗണിച്ച് പദ്ധതി നടപ്പാക്കാമെന്ന സർക്കാർ വ്യാമോഹം നടക്കില്ല. കേസുകൾ പിൻവലിച്ചില്ലെങ്കിൽ തൃക്കാക്കര തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ആവർത്തിക്കുമെന്ന് സർക്കാർ മനസ്സിലാക്കണം. ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമരം മുന്നോട്ടുപോകുമെന്നും ഡോ.എം. പി മത്തായി പറഞ്ഞു.
കൊച്ചിയില്‍ 11 ജില്ലകളില്‍ നിന്നുള്ള സമരസമിതി പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തിലാണ് സഭ വളയാനുള്ള തീരുമാനമെടുത്തത്. അടുത്ത സഭാ സമ്മേളനത്തിനിടെ നിയമസഭ വളഞ്ഞ് പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഒരു കോടിയിലധികം പേരുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രിക്കും നിവേദനമയക്കാനും തീരുമാനിച്ചു.
പദ്ധതിയുമായി മുന്നോട്ട് പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ ഫലം ആവർത്തിക്കും എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് “കെ റെയിൽ വരില്ല കേട്ടോ, കേരളത്തിൽ തൃക്കാക്കര ആവർത്തിക്കും” എന്ന തലക്കെട്ടോടെ ശക്തമായ പ്രചരണം നടത്തുമെന്നും സമരസമിതി പറഞ്ഞു.