ന്യൂഡല്‍ഹി: ശാസ്ത്ര സാങ്കേതിക സർവകലാശാല വിസി പദവിയിൽ നിന്നു പുറത്താക്കിയ വിധിക്കെതിരായ ഡോക്ടർ രാജശ്രീയുടെ പുനഃപരിശോധനാ ഹരജി തള്ളി. ലഭിച്ച ശമ്പളം തിരിച്ചുപിടിക്കുന്നതിൽ ഉത്തരവിട്ടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എംആർ ഷാ അധ്യക്ഷമായ ബെഞ്ചാണ് തള്ളിയത്.
അതേസമയം വൈസ് ചാന്‍സലര്‍ ആയിരുന്ന കാലയളവിലുള്ള പെന്‍ഷന് രാജശ്രീക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജഡ്ജിമാര്‍ ചേമ്പറില്‍ പരിഗണിച്ചാണ് ഡോ. രാജശ്രീ എം എസിന്റെ പുനഃപരിശോധന ഹര്‍ജി തള്ളിയത്. രാജശ്രീയുടെ നിയമനം വോയ്ഡ് അബ് ഇനിഷ്യോ എന്നാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷായും, സി.ടി രവികുമാറും അടങ്ങിയ ബെഞ്ച് നേരത്തെ വിധിച്ചിരുന്നത്. അതിനാല്‍ തന്നെ ഈ സേവനം പെന്‍ഷന് കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുത് എന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ രാജശ്രീ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഇരയാകുക ആയിരുന്നുവെന്നും പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സമൂഹത്തിന് മുന്നിലും, സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കി. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിതയായെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയില്‍ ഡോ. രാജശ്രീ എം.എസ് വ്യക്തമാക്കിയിരുന്നു.