തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യിൽ ശമ്പള വിതരണം തുടങ്ങി. നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. ശമ്പളം വൈകിയതിനെ ഇന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ശമ്പളം നൽകിയിട്ടില്ലെങ്കിൽ അക്കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം വൈകരുതെന്ന മുന്‍ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി ഇന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചത്. നവംബര്‍ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാട്ടി കെഎസ്ആര്‍ടിസി ജീവനക്കാരാണ് കോടതിയെ സമീപിച്ചിരുന്നത്.
ജീവനക്കാര്‍ കുറച്ചുകൂടി ജോലി ചെയ്താല്‍ സ്ഥാപനം രക്ഷപ്പെടുമെന്നാണ് കരുതിയതെന്നും അതിനര്‍ത്ഥം ശമ്പളം നല്‍കാതെ അവരെ ഉപേക്ഷിക്കാമെന്നല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി ഇനി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. എല്ലാ മാസവും 5 ന് മുൻപ് ശമ്പളം നൽകണമെന്ന് കോടതി മുൻപ് ഉത്തരവിട്ടിരുന്നു.