തിരുവനന്തപുരം: മുസ്ലീം ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ അതൃപ്തി പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എം വി ഗോവിന്ദന്റെ പ്രസ്താവന അപക്വമാണെന്ന് കാനം പറഞ്ഞു.
ലീഗിനെക്കുറിച്ച് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്ന് അറിയില്ല. ബിജെപിക്കെതിരായി ഐക്യമുണ്ടാക്കാന്‍ എന്ന അര്‍ത്ഥത്തിലാണ് എം വി ഗോവിന്ദന്റെ പ്രസ്താവനയെങ്കില്‍ അത് ശരിയാണ്. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം രാജേന്ദ്രന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലീഗിനോട് സി പി എമ്മിനോ സിപിഐ ക്കോ എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തില്‍ സ്ഥിരമായി ബന്ധുക്കളോ ശത്രുക്കളോ ഇല്ലെന്ന സമീപനം ബൂര്‍ഷ്വാ പാര്‍ട്ടിക്ക് ചേര്‍ന്നതാണെന്നും കാനം രാജേന്ദ്രന് വിമര്‍ശിച്ചു. എം വി ഗോവിന്ദന്റെ അനവസരത്തിലുള്ള പ്രസ്താവന അനാവശ്യ ചര്‍ച്ചകള്‍ക്കും യുഡിഎഫ് ഐക്യത്തിനും ഇടയാക്കിയെന്നും കാനം പറഞ്ഞു.
ലീഗ് വിഷയം ഇടതുമുന്നണി ചർച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ല. യുഡിഎഫിലാണെന്ന് ലീഗ് നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണ്. ഇതോടെ ആ വിഷയം അവസാനിച്ചു. മുന്നണിയുടെ താത്കാലിക ലാഭത്തിനായി എടുക്കുന്ന ചില നിലപാടുകൾ ഭാവിയിൽ ദോഷം ചെയ്യും. കമ്യൂണിസ്റ്റ് പാർട്ടികളുടെ മുൻകാല നിലപാടുകൾ ജനത്തിനറിയാം.
ഗോവിന്ദന്റെ പ്രസ്താവന കാരണം യുഡിഎഫിലെ ഐക്യം ശക്തമായി. നേതാക്കളുടെ ചില പ്രസ്താവനകൾ നെഗറ്റീവ് ഫലം ഉണ്ടാക്കും. തീവ്രവാദ പ്രസ്ഥാനങ്ങളെ കൂടെക്കൂട്ടാൻ ഇടക്കാലത്ത് ലീഗ് ശ്രമിച്ചിരുന്നു. എന്നാൽ ലീഗ് പോപ്പുലർ ഫ്രണ്ടിനെ പോലെ വർഗീയ പാർട്ടിയല്ലെന്നും കാനം കൂട്ടിച്ചേർത്തു.