തിരുവനന്തപുരം : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി. തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിദിനം 90,000 പേര്‍ക്കായിരിക്കും ദര്‍ശനം അനുവദിക്കുക. കൂടാതെ ദര്‍ശന സമയം ഒരു മണികൂര്‍ കൂടി നീട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതേസമയം, അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തും. ഇന്ന് ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. 107260 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഈ മണ്ഡലകാലത്ത് ഇത് രണ്ടാം തവണയാണ് തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.