കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരുന്ന സംഭവത്തില്‍ നടപടികള്‍ അവസാനിപ്പിച്ച് പൊലീസ്. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. വിദ്യാര്‍ത്ഥി ആള്‍മാറാട്ടം നടത്തുകയോ, വ്യാജരേഖ ചമയ്ക്കുകയോ ചെയ്തട്ടില്ല. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് നാലുദിവസം ക്ലാസില്‍ കയറിയതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിന്റെ സന്തോഷത്തില്‍ കുടുംബത്തിനൊപ്പം ഗോവയിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് പരീക്ഷാ ഫലം വന്നത്. ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ നാട്ടില്‍ പെണ്‍കുട്ടിയെ അഭിന്ദനിച്ച് ഫ്‌ളെക്‌സ് ബോര്‍ഡുകളുമുയര്‍ത്തി. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തി വീണ്ടും ഫലം പരിശോധിച്ചപ്പോഴാണ് പിഴവ് സംഭവിച്ചെന്നും റാങ്ക് പതിനയ്യായിരത്തിന് മുകളിലാണെന്നും പെണ്‍കുട്ടിക്ക് മനസിലായത്. ഇതോടെയാണ് നാട്ടുകാരെ ബോധ്യപ്പെടുത്താനായി പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ക്ലാസിലെത്തിയത്.
അതേസമയം, സംഭവിച്ച തെറ്റില്‍ പെണ്‍കുട്ടി മാപ്പ് പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ഭാവിയെക്കരുതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ എംഎല്‍ ബെന്നിലാലുവാണ് കേസ് അന്വേഷണം നടത്തിയത്.