തിരുവനന്തപുരം: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും. രാജ്ഭവനില്‍ 11 മണി മുതല്‍ ആരംഭിക്കുന്ന ഹിയറിങില്‍ വിസിമാര്‍ നേരിട്ടോ അല്ലെങ്കില്‍ വിസിമാര്‍ ചുമതലപ്പെടുത്തിയ അഭിഭാഷകരോ എത്തണം. അതേസമയം, ഇന്നെത്താന്‍ പ്രയാസമുണ്ടെന്ന് കണ്ണൂര്‍ വിസി നേരത്തെ അറിയിച്ചിരുന്നു.
യുജിസി മാര്‍ഗ്ഗ നിര്‍ദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവന്‍ വിസിമാരെയും പുറത്താക്കാനാണ് ഗവര്‍ണറുടെ നീക്കം. ഹിയറിങ്ങ് കഴിഞ്ഞാലും കോടതിയില്‍ വിസിമാര്‍ നല്‍കിയ കേസ് കൂടി പരിഗണിച്ചാകും ഗവര്‍ണര്‍ അന്തിമ നിലപാട് എടുക്കുക. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ഹിയറിങ്.
അതേസമയം, ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വി.സി മാരുടെ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വി.സിമാര്‍ ഹര്‍ജികള്‍ നല്‍കിയത്.