കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. 75,000ന് മുകളിൽ തീർഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് കോടതിയുടെ നിർദേശം.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അത് പബ്ലിക് അനൗൺസ്മെന്റ് സംവിധാനം വഴി തീർഥാടകരെ അറിയിക്കണം. പമ്പ-നിലക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ പത്തനംതിട്ട ജില്ലാ കലക്ടർ ഉറപ്പുവരുത്തണം. അന്നദാന സൗകര്യങ്ങൾ ദേവസ്വം ഓഫിസർ ഉറപ്പുവരുത്താനും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശബരിമലയിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നിലക്കലിലേക്കുള്ള കെഎസ്ആർടിസി ബസുകളിലും തിരക്കായിരുന്നു. സന്നിധാനത്തെത്തുന്ന ഭക്തരുടെ കണക്കും, അഷ്ടാഭിഷേകമടക്കം നടത്തിയതിന്റെ വിവരങ്ങളും തിങ്കളാഴ്ച സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിക്കും.