കോഴിക്കോട്: എൽ.ഡി.എഫിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ. ആർക്കു മുന്നിലും ഇടതു മുന്നണി വാതിൽ അടച്ചിട്ടില്ല. വലതു പക്ഷ നിലപാട് തിരുത്തി വരുന്നവരെ സ്വാഗതം ചെയ്യുന്നു. ലീഗിനെ കുറിച്ച് പറഞ്ഞ അഭിപ്രായം തെരഞ്ഞെടുപ്പൊ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നിൽ കണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗിനെ സ്വാഗതം ചെയ്തിട്ടില്ല. മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാടുകളെയാണ് സ്വാഗതം ചെയ്തത്. വർഗീയതയ്ക്കെതിരെയും ഗവർണർ വിഷയത്തിലും ലീഗ് കൃത്യമായ നിലപാട് എടുത്തു. വിഴിഞ്ഞം വിഷയത്തിലടക്കം കോൺഗ്രസിനെ ലീഗ് തിരുത്തിച്ചു. ഈ കാര്യങ്ങളിൽ അടക്കം മത നിരപേക്ഷ നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഇതിനെയാണ് സിപിഐഎം സ്വാഗതം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വർഗീയതക്കെതിരെ മതനിരപേക്ഷത ഉയർത്തിപിടിച്ചുള്ള വലിയൊരു മൂവ്മെന്റ് ശക്തിപെടണമെന്നത് പാർട്ടി നിലപാടാണ്. അത് കേരളത്തിലെ ഇടതുമുന്നണിയല്ല. എല്ലാ വർഗ ബഹുജന പ്രസ്ഥാനങ്ങളുമാണത്. വർഗീയതയെ എതിർക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും തമ്മിലുള്ള പൊതുവായ യോജിപ്പാണത് ഉദ്ദേശിക്കുന്നത്. അത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. വർഗീയതയെ എതിർക്കുന്ന ഒരു പൊതുപ്രസ്ഥാനമാണത്. ആ പോരാട്ടത്തിൽ യോജിക്കാനാവുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഇടപെടാൻ തയ്യാറാവുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളുന്ന അതിവിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പെടുക്കുകയാണ് ഉദ്ദേശമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് കഴിഞ്ഞദിവസം എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു. ലീഗ് വർഗീയ പാർട്ടിയല്ലെന്ന അഭിപ്രായം ഗോവിന്ദന്റേതു മാത്രമല്ലെന്നും സമൂഹത്തിന്‍റെ മൊത്തം അഭിപ്രായമാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി ഇതിനെ കാണുന്നില്ലെന്നും യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണു ലീഗെന്നും തങ്ങള്‍ പറഞ്ഞു.
ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. മതേതരത്വം, മതസൗഹാര്‍ദം, ജനാധിപത്യം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ലീഗിന്റെ പ്രവര്‍ത്തന രീതികള്‍. അത് മനസിലായവര്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.