നടന് ബാലയുടെ ആരോപണങ്ങള്‍ തളളി ഉണ്ണി മുകുന്ദന്. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം നല്കി. ഛായാഗ്രാഹകന്‍ മാത്രം ഏഴുലക്ഷം രൂപ പ്രതിഫലം നല്കി. ബാലയ്ക്ക് പ്രതിഫലമായി 2 ലക്ഷം രൂപ നല്കി. 20 ദിവസമാണ് അഭിനയിച്ചത്. ബാലയ്ക്ക് ഡബിങ് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു.
ഡബ്ബ് ചെയ്യാന്‍ പറ്റാതിരുന്ന സാഹചര്യം സിനിമ ഒടിടിയിലെത്തുമ്പോള്‍ ബാല വ്യക്തമാക്കണമെന്നും ഉണ്ണി മുകുന്ദന് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. പ്രതിഫലം നല്‍കിയത് തെളിയിക്കുന്ന രേഖകളും ഉണ്ണി മുകുന്ദന് പുറത്തുവിട്ടു.
“ബാലയുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ സെക്കന്റ് മാര്യേജിന്റെ സമയത്ത് പങ്കെടുത്ത ഒരേയൊരു നടന് ഞാനായിരിക്കാം. ഒരു മുന്‍നിര നടനെ ഒഴിവാക്കിയാണ് ബാലയ്ക്ക് ആ കഥാപാത്രം ഞാന്‍ കൊടുത്തത്. ഫ്രണ്ട്സ് എന്ന നിലയിലായിരുന്നു ബാല ആ ചിത്രത്തിന്റെ ഭാഗമായതെങ്കിലും ഞങ്ങള്‍ പ്രതിഫലം കൊടുത്തിട്ടുണ്ട്. 2 ലക്ഷം രൂപയായിരുന്നു അത്. അതിന് തെളിവുകളുമുണ്ട്. 20 ദിവസം ബാല ഞങ്ങളൊടൊപ്പം ജോലി ചെയ്തിരുന്നു. ഒരു ദിവസം 10,000 രൂപ എന്ന നിലയിലാണ് 2 ലക്ഷം കൊടുത്തത്. മുന്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു എന്നാണ് അറിഞ്ഞത്.
എന്റെ അടുത്ത സുഹൃത്താണ് ബാല, ഇപ്പോഴും അങ്ങനെ തന്നെയാണ്. ഞാനാണ് ബാലയെ ഈ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്. ബാല മുമ്പ് സംവിധാനം ചെയ്ത സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. ആ ചിത്രം ബാലയായിരുന്നു നിർമിച്ചത്. ആ ചിത്രവുമായി ബന്ധപ്പെട്ടാണ് ടിനി ടോമും പിഷാരടിയും ട്രോൾ രൂപേണ ഒരു തമാശ ഒരുക്കിയത്. പക്ഷേ ആ ട്രോളിൽ വന്ന പേരിലുള്ള ആരും ആ സിനിമയിൽ അഭിനയിച്ചില്ല. ഞാൻ മാത്രമാണ് അതിൽ അഭിനയിക്കാൻ പോയത്. അന്ന് മല്ലു സിങ് ഹിറ്റായി നിൽക്കുന്ന സമയത്താണ് ആ സിനിമയിൽ അഭിനയിക്കാൻ പോയത്. അതും ഒരു സുഹൃത്തായി. അഞ്ച് ദിവസം ആ സിനിമയിൽ ഒരു ശവശരീരമായി അഭിനയിച്ചു. ആ സിനിമയ്ക്ക് ഞാൻ പ്രതിഫലം മേടിച്ചില്ല. സൗഹൃദം എന്തെന്ന് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ എത്രയോ സിനിമകൾ ഉണ്ടായിട്ടുണ്ട്. അതൊരു മഹത്തായ കാര്യമാണെന്നും വിശ്വസിക്കുന്നില്ല.
ബാല തമാശ കളിക്കുന്നു എന്നാണ് കരുതുന്നത്. വേണമെങ്കില്‍ പരാതി കൊടുത്തോട്ടെ എന്നും ഉണ്ണി മുകുന്ദന് പ്രതികരിച്ചു.
ഉണ്ണി മുകുന്ദന് നിര്‍മിച്ച ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാല ഉന്നയിച്ച ആരോപണം. തനിക്ക് മാത്രമല്ല, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പണം നല്‍കിയില്ലെന്ന് ബാല പറഞ്ഞിരുന്നു.