ഷിംല: തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ജയറാം താക്കൂർ രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയം ബിജെപി പരിശോധിക്കുമെന്ന് താക്കൂർ അറിയിച്ചു. ദേശീയ നേതാക്കൾ വിളിപ്പിച്ചാൽ ദില്ലിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരെ ചണ്ഡീഗഡിലേക്ക് മാറ്റുമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചു. എല്ലാ എംഎൽഎമാരെയും ഒരുമിച്ച് എളുപ്പം കാണാൻ സാധിക്കുമെന്നത് കൊണ്ടാണ് ചണ്ഡീഗഡിലേക്ക് പോകുന്നതെന്ന് പിസിസി അധ്യക്ഷ പ്രതിഭാ സിംഗ് വ്യക്തമാക്കി.
സംസ്ഥാനത്തെ കോൺഗ്രസ് ഭരണം ബിജെപി അട്ടിമറിക്കുമെന്ന് പേടിക്കുന്നില്ലെന്നും പ്രതിഭ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലേറ്റിയതിന് സംസ്ഥാനത്തെ ജനങ്ങളോട് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി നന്ദി പറഞ്ഞു.