തിരുവനന്തപുരം: ഊരൂട്ടമ്പലത്തെ ഇരട്ടക്കൊലക്കേസ് പ്രതിയായ മാഹിന്‍ കണ്ണുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കേരള തമിഴ്നാട് അതിര്‍ത്തിയിലെ ആളില്ലാതുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത് വിദ്യയേയും മകള്‍ ഗൗരിയേയും കടലിലേക്ക് തള്ളിയിട്ടത് എവിടെയെന്ന് മാഹിന്‍കണ്ണ് പൊലീസിനെ കാണിച്ചു കൊടുത്തു. .കൊലക്കുറ്റം ചുമത്തിയാണ് മാഹിന്‍കണ്ണിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
2011 ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മാഹിന്‍ കണ്ണിന്റെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്.2011 ആഗസ്ത് 18ന് കാണാതായ വിദ്യ-ഗൗരി തിരോധാനക്കേസില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ദുരൂഹത നീങ്ങിയത്.
പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണുമായുള്ള പ്രണയത്തെ തുടക്കം മുതല്‍ വിദ്യയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാലിത് അവഗണിച്ച് വിദ്യ മഹിന്കണ്ണിനൊപ്പം മലയിന്‍കീഴിനടുത്ത് വാടകവീട്ടില്‍ താമസം തുടങ്ങി. പിന്നാലെ വിദ്യ ഗര്‍ഭിണിയായതോടെ മാഹിന്‍കണ്ണ് വിദേശത്തേക്ക് കടന്നു. 2009ല്‍ വിദ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് പലതവണ വിദ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. ഇതിനിടെ ഇയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിഞ്ഞു. തുടര്‍ന്ന് ഒന്നര വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ മാഹിന്‍കണ്ണുമായി ഇതിനെ ചൊല്ലിയും തര്‍ക്കമുണ്ടായി.
2011 ഓഗസ്റ്റ് 11 ന് വൈകിട്ട് വിദ്യയെയും മകളെയും മാഹിന്‍കണ്ണ് കൂട്ടികൊണ്ടുപോയി. പിന്നീട് ഇവരെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് വിദ്യയുടെ മാതാപിതാക്കൾ പൊലീസിൽ അറിയിച്ചത്. എന്നാൽ കേസിൽ വലിയ പുരോഗതിയുണ്ടായിരുന്നില്ല. അടുത്തിടെയാണ് കേസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.