തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഞങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ശരിയല്ല. സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. ബില്ലില്‍ ഒപ്പിടാത്തതില്‍ രാജസ്ഥാനില്‍ ഒരു നിലപാട് കേരളത്തില്‍ ഒരു നിലപാട് എന്ന സമീപനം കോണ്‍ഗ്രസിന് ഇല്ല. ഐസിസിയുടെയും കോണ്‍ഗ്രസിന്റെയും കേരളത്തിന്റെ പ്രതിപക്ഷത്തിന്റെയും നിലപാട് ഒന്ന് തന്നെയാണെന്നും ഗവര്‍ണറെ ചാന്‍സര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നത് സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചയില്‍ പറഞ്ഞു.
മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവർണറെ ശക്തമായി എതിർക്കാൻ തീരുമാനിച്ചത്. മുസ്ലിം ലീഗിന്റെ നിലപാട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ചാന്‍സലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ചാൻസലറുടെ ഒഴിവ് ഉണ്ടായാൽ താൽക്കാലികമായി പ്രോ വൈസ് ചാൻസലർക്ക് അധികാരം നൽകാമെന്നാണ് ബില്ലിൽ പറയുന്നത്. ചാൻസലറുടെ കാലാവധിയിൽ മാത്രമേ പ്രോ വൈസ് ചാൻസലർക്ക് അധികാരത്തിൽ ഇരിക്കാൻ കഴിയൂ എന്നാണ് യുജിസി നിയമം. ചാന്‍സലർ ഇല്ലാതായാൽ പ്രോ വൈസ് ചാൻസലറും ഇല്ലാതാകും. യുജിസിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി സംസ്ഥാന നിയമം ഉണ്ടെങ്കിൽ യുജിസി നിയമമാണ് നടപ്പിലാക്കേണ്ടതെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. കേന്ദ്ര നിയമത്തിനു വിരുദ്ധമായി സംസ്ഥാന നിയമം നിൽക്കില്ല. അതാണ് സുപ്രീംകോടതി വിധിയെ തുടർന്ന് വിസിമാർക്ക് പുറത്തു പോകേണ്ടിവന്നത്.
പുതുതായി നിയമിക്കപ്പെടുന്ന ചാൻസലറുടെ കാര്യാലയം സർവകലാശാല ആസ്ഥാനമായിരിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. ചാൻസലറുടെ ഓഫിസ് ചെലവുകൾ സർവകലാശാലയുടെ ഫണ്ടിൽനിന്ന് ചെലവാക്കേണ്ടിവരും. ഫിനാഷ്യൽ മെമ്മോറാണ്ടത്തിൽ അത് ഉൾപ്പെടുത്തിയിട്ടില്ല. മെമ്മോറാണ്ടം അപൂർണമായതിനാൽ ഈ ബിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു.
ഗവര്‍ണര്‍ അന്ന് മാറാന്‍ തയാറാണ് എന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ പോയി കാലുപിടിച്ചു. അന്ന് നിങ്ങള്‍ പറയണമായിരുന്നു ഗവര്‍ണറോട് മാറി നില്ക്കാന്. എന്നാല്‍ സര്‍ക്കാര്‍ അതിന് ധൈര്യം കാണിച്ചില്ലെന്നും വി.ഡി.സതീശന് കുറ്റപ്പെടുത്തി.
ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കുമ്പോള്‍ പകരം കൊണ്ടു വന്ന സംവിധാനം സര്‍വകലാശാലകളെ തകര്‍ക്കും. ഇത് സര്‍വകലാശാലകളെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റുകളാക്കി മാറ്റും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി കൊണ്ടുവരുന്ന ബദല്‍ സംവിധാനത്തെയാണ് പ്രതിപക്ഷം വിമര്‍ശിച്ചത്.
സര്‍ക്കാര്‍ ഇതുവരെ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഏറെ നിര്‍ണായകമായ ഒരു ബില്ലായിരുന്നു ഇത്. എന്നാല്‍ അത് കൊണ്ടുവരുന്നതിന് മുന്‍പ് കേരളത്തിലെ പ്രതിപക്ഷവുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നുവെന്നും വി.ഡി.സതീശന് പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.