ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി. സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ തങ്കു കോശിക്കെതിരെയാണ് നടപടി. ഡോക്ടറോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം ഡോക്ടര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കും. കളക്ടര്‍, എസ് പി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ശസ്ത്രക്രിയുടെ സമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു.
സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച അപർണയുടെ കുടുംബവും നാട്ടുകാരും മെഡിക്കൽ കോളജിൽ പ്രതിഷേധിച്ചിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചതോടെ അപർണയുടെയും കുഞ്ഞിന്റെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയുടെയും നവജാത ശിശുവിന്റെയും മരണം ചികിത്സാ പിഴവാണെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി
കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണ (21) ഇന്നു പുലർച്ചെയാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടർന്ന് നവജാത ശിശു ഇന്നലെ വൈകിട്ട് മരിച്ചിരുന്നു. ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് അപർണയെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ മരണകാരണം അറിയിക്കാൻ വൈകിയതിന് ഇന്നലെ ബന്ധുക്കൾ ബഹളമുണ്ടാക്കിയിരുന്നു.