തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്ക് പത്തുലക്ഷം രൂപ നല്കാന് വിധി. കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടു. പ്രതികള്‍ക്ക് പിഴ ചുമത്തിയതിന് പുറമെയാണ് കോടതിയുടെ നിര്‍ദേശം.
കേസുമായി ബന്ധപ്പെട്ട് ഏറെ നാൾ സഹോദരിക്ക് കേരളത്തിൽ കഴിയേണ്ടിവന്നതായി അഡി.ജില്ലാ ജഡ്ജ് കെ.സനിൽകുമാർ വിധിന്യായത്തിൽ വ്യക്തമാക്കി. സഹായധനം ലഭിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി തുടർ നടപടി സ്വീകരിക്കണം.
കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവു നശിപ്പിക്കൽ, ലഹരി മരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രതികളായ ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. ഇരുവരും ജീവിതാവസാനം വരെ തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി 3.42 ലക്ഷം രൂപയുടെ പിഴയാണ് പ്രതികൾ നൽകേണ്ടത്. ഇതിൽ രണ്ടു ലക്ഷം രൂപ വിദേശ വനിതയുടെ സഹോദരിക്ക് നൽകണം.
പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്.പ്രതികള്‍ക്കെതിരായ ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തി.
ആയുർവേദ ചികിത്സയ്ക്കായി 2018 ഫെബ്രുവരി 21നാണ് സഹോദരിക്കൊപ്പം യുവതി കേരളത്തിലെത്തിയത്. മാർച്ച് 14ന് നടക്കാനിറങ്ങിയ ഇവരെ കാണാതായി. 36 ദിവസം കഴിഞ്ഞ് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ലഹരിമരുന്നു നൽകി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്.