കൊച്ചി: ഹിഗ്വിറ്റ എന്ന പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം അംഗീകരിക്കാതെ സംവിധായകൻ ഹേമന്ത് ജി നായർ.ഫിലിം ചേംബറും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തമ്മിൽ ഇന്ന് ഫിലിം ചേംബറിന്റെ കൊച്ചിയിലെ ഓഫീസിൽ ചർച്ച നടത്തിയിരുന്നു. ഹിഗ്വിറ്റയെന്ന സിനിമയുടെ പേരാണ് കേരള ഫിലിം ചേമ്പർ വിലക്കിയത്. എൻ.എസ് മാധവന്റെ പരാതി പരിഗണിച്ചായിരുന്നു കേരള ഫിലിം ചേംബറിന്റെ നടപടി.
ഇതോടെ വിലക്കുമായി മുന്നോട്ടെന്ന് ഫിലിം ചേംബർ അറിയിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകനും അറിയിച്ചു. ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.