വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടക്കുന്ന സമരത്തിൽ സർക്കാർ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ഔദ്യോഗികമായും അനൗദ്യോഗികമായും പലതവണ ചർച്ചകൾ നടത്തി. ഓരോ തവണയും നല്ല അന്തരീക്ഷത്തിൽ ചർച്ച പിരിയുമെന്നും പിന്നീട് വഷളാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി.
സർക്കാറിന് വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി ചർച്ച നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിൻറെ പ്രധാന നേതാവുമായി താൻ ചർച്ച നടത്തി. തുറമുഖ നിർമ്മാണം നിർത്താൻ ആകില്ലെന്ന് അറിയിച്ചു. ഓരോ തവണയും നല്ല അന്തരീക്ഷത്തിൽ ചർച്ച പിരിയും പിന്നീട് വഷളാകും എന്നും മുഖ്യമന്ത്രി ആരോപിച്ചു.
സമരത്തെ ഏതോ ചിലർ നിയന്ത്രിക്കുന്നുണ്ടോ എന്ന് സ്വാഭാവികമായി തോന്നും. ഈ സംശയം യുഡിഎഫ് കാലത്തും ഉണ്ടായി. പ്രദേശവാസികളുടെ ആവശ്യമനുസരിച്ച് തീരശോഷണം പഠിക്കാൻ സമിതിയെ വച്ചു. സംയമനത്തിന്റെ അതിരുവിട്ട ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ല. കേന്ദ്രസേനയെ വിളിച്ചിട്ടില്ലെന്നും സുരക്ഷ ആവശ്യപ്പെട്ടത് അദാനിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.