ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലം. ആംആദ്മി പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്.
ആംആദ്മി പാർട്ടിക്ക് 43 ശതമാനവും ബിജെപിക്ക് 35 ശതമാനവും കോൺഗ്രസിന് 10 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ-ടുഡേ ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനമാണ് ഇത്. നിലവിൽ ഭരിക്കുന്ന ബിജെപിക്ക് 69 – 91 നും ഇടയിൽ സീറ്റ് മാത്രമാണ് നേടാനാകുക എന്നാണ് സർവ്വെ ഫലം പറയുന്നത്. എന്നാൽ ദില്ലി ഭരിക്കുന്ന ആം ആദ്മി പാർട്ടി 149 നും 171 നും ഇടയിൽ സീറ്റ് നേടുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 2017 ൽ 182 സീറ്റാണ് ബിജെപി നേടിയിരുന്നത്.
ടൈംസ് നൗ എക്സിറ്റ് പോൾ പ്രകാരം ആംആദ്മി 146-156 സീറ്റുകൾ നേടുമെന്നും, ബിജെപി 84-94 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 6 മുതൽ 10 സീറ്റുകൾ മാത്രമേ നേടുവെന്നും പ്രവചിക്കുന്നു. ഇരു സർവ്വെകളിലും കോൺഗ്രസിന് കാര്യമായ നേട്ടം പ്രവചിക്കുന്നില്ല.