തിരുവനന്തപുരം :നിയമസഭയിൽ പിൻവാതിൽ നിയമന വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം. പി.സി.വിഷ്ണുനാഥ് എംഎൽഎയാണ് പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് നോട്ടീസ് നൽകുക.പിഎസ്‌സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് ആരോപണം ഉയരുന്നത്.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ യുവജനങ്ങൾ ആശങ്കയിലാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഗവർണറും വിഴിഞ്ഞവും നിയമന വിവാദവുമൊക്കെ സർക്കാരിന് വെല്ലുവിളി ഉയർത്തവെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചത്.
വിവാദ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കും.ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം വിവിധ ബില്ലുകൾ സഭയ്ക്ക് മുൻപാകെ വരും.