ഗാന്ധിനഗര്‍ : ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 89 മണ്ഡലങ്ങളിലായി 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കന്‍ ഗുജറാത്തും ആണ് ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തുക. ശേഷിക്കുന്ന 93 സീറ്റിലെ വോട്ടെടുപ്പ് ഡിസംബര്‍ 5നാണ് നടക്കുക. ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപനം.
അതേസമയം, 88 മണ്ഡലങ്ങളിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത്. നാളെ ജനവിധി തേടുന്നവരില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗദ്വി ഉള്‍പ്പെടെയുള്ള പ്രമുഖരുണ്ട്.
അതിനിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ ആംആദ്മി പാര്‍ട്ടി എട്ട് സീറ്റുകള്‍ വരെ നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആംആദ്മി (എഎപി) പാര്‍ട്ടിയെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച അദ്ദേഹം, പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുമെന്നും ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തു.
















