മംഗളൂരു ഓട്ടോ റിക്ഷാ സ്ഫോടനങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാനൊരുങ്ങി കര്‍ണാടക പോലീസ്. നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് മൈസൂരു പോലീസ്.ഇതനുസരിച്ച് ഏതെങ്കിലും വ്യക്തിക്ക് വാടകയ്ക്ക് വീട് നല്‍കുന്നതിന് മുമ്പ് ഉടമകള്‍ക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
അപേക്ഷ ഫീസായ 100 രൂപ സഹിതം പോലീസ് സ്റ്റേഷനില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. ബാച്ചിലര്‍, ഫാമിലി, പേയിംഗ് ഗസ്റ്റ് (പിജി) ഉടമകള്‍ക്ക് പ്രത്യേക അപേക്ഷകളുണ്ട്.മംഗളൂരു സ്ഫോടനക്കേസിലെ തീവ്രവാദി ഷാരിഖ് വ്യാജരേഖ ചമച്ചാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഷാരിഖ് ഉപയോഗിച്ചത് പോലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വീട് ഉപയോഗിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് പുതിയ നയം. എല്ലാ ഉടമകളോടും തങ്ങളുടെ വാടകക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേഷനില്‍ നല്‍കണമെന്നും ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്നും പോലീസ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
















