കോഴിക്കോട്: തൃക്കാക്കര ബലാത്സംഗക്കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ സുനുവിനെ സസ്പെൻഡ് ചെയ്തു. എഡിജിപി എം.ആർ.അജിത് കുമാറിന്റെ നിർദേശ പ്രകാരമാണ് നടപടി. നോർത്ത് സോൺ ചുമതലയുള്ള കമ്മിഷണറാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
ഇന്ന് ജോലിക്ക് കയറിയ സുനുവിനോട് അവധിയിൽ പോകാൻ എഡിജിപി നിർദേശിച്ചിരുന്നു. തുടർന്ന് പത്ത് ദിവസത്തെ അവധിയെടുത്തിരുന്നു.
ഒരാഴ്ച മുൻപാണ് സിഐ സുനുവിനെ തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തി നാടകീയമായി കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയായിരുന്നു. സുനു ഉൾപ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്ന തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതി. എന്നാൽ നാലുദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും സുനുവിനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്നാണ് സുനു ബേപ്പൂർ തീരദേശ പോലീസ് സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്തത്.
സുനുവിനെതിരെ ബലാത്സംഗമടക്കം ആറ് കേസുകൾ നിലവിലുണ്ട്. 9 തവണ വകുപ്പുതല നടപടിയ്ക്കും വിധേയനായി. പത്ത് പേരെയാണ് തൃക്കാക്കര സ്വദേശിനിയുടെ പരാതിയിൽ പ്രതിചേർത്തത്. ഇതിൽ മൂന്നാം പ്രതിയാണ് പി.ആർ.സുനു.
















