തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ആധാരം എഴുത്തുകാർ വഴി കൈക്കൂലി വാങ്ങുന്നവെന്നു കണ്ടെത്തൽ. ഏജന്റുമാരിൽ നിന്ന് പണവും മദ്യക്കുപ്പികളും കണ്ടെത്തി. ഒന്നര ലക്ഷത്തോളം രൂപയാണ് വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽനിന്ന് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച 76 ഓഫീസുകളിലാണ് പരിശോധന നടത്തിയത്. മിന്നൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ -12, കൊല്ലം-10, മലപ്പുറം എറണാകുളം ഏഴ് വീതവും കോഴിക്കോട്-ആറ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ – അഞ്ചു വീതവും, ഇടുക്കി – നാലും, തൃശൂർ, പാലക്കാട് – മൂന്നും, വയനാട്, കാസർഗോഡ് – രണ്ട് വീതവും ഓഫിസുകളാണ് മിന്നൽ പരിശോധന നടത്തിയത്.
മലപ്പുറം ജില്ലയിലെ വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 30,000 രൂപയും, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 2,1000 രൂപയും പിടിച്ചെടുത്തു. കാസർകോഡ് നിന്ന് 11,300/ രൂപയും, റാന്നിയിൽ നിന്നും 6,740/- രൂപയും, എറണാകുളം മട്ടാഞ്ചേരിയിൽ നിന്നും 6240/- രൂപയും, ഒരു കുപ്പി വിദേശ മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു. ആലപ്പുഴയിൽ നിന്നും 4,000/- രൂപയും, കോട്ടയം പാമ്പാടിയിൽ നിന്നും 3,650/- രൂപയും കണ്ടെടുത്തു.
ഗൂഗിൾ പേ മുഖേനയും തുക കൈമാറിയിട്ടുണ്ടോയെന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാന്നെന്നും വിജിലൻസ് ഡയറക്ടര്‍ മനോജ് എബ്രഹാം IPS അറിയിച്ചു.
ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ പല സബ് രജിസ്ട്രാർ ഓഫീസുകളിലും പതിച്ച ആധാരങ്ങൾ കക്ഷികക്ക് നേരിട്ട് കൊടുക്കണം എന്ന നിയമം പാലിക്കാതെ ആധാര എഴുത്തുകാർ ഒപ്പിട്ട് വാങ്ങിയിരിക്കുന്നതായി വിജിലൻസ് കണ്ടെത്തി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ സബ് രജിസ്ട്രാർ ഓഫീസിൽ പവർ ഓഫ് അറ്റോർണിക്ക് വേണ്ടിയുള്ള അപേക്ഷയുടെ ഫീസായി 3,150രൂപ ഈടാക്കുന്നതിന് പകരം 525 രൂപ മാത്രം ഈടാക്കിയതായി വിജിലൻസ് കണ്ടെത്തി.
















