മലപ്പുറം: മുസ്ലീം ലീഗ് യുഡിഎഫിൽ തന്നെ തുടരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനകളെ കോൺഗ്രസ് ഗൗരവമായാണ് കാണുന്നത്. നേതാക്കളുടെ ഇടപെടലിൽ തൃപ്തിയുണ്ട്. സുധാകരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളുമായി സംസാരിച്ചു. കോണ്‍ഗ്രസിന്‍റെ മറുപടിയില്‍ തൃപ്തിയുണ്ട്. ലീഗിന്‍റെ ശക്തമായ പ്രതിഷേധം ഫലം കണ്ടെന്നാണ് വിശ്വാസം. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. ലീഗ് യുഡിഎഫില്‍ തന്നെ തുടരുമെന്നും പി എം എ സലാം പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങളുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. കെ.സുധാകരൻ തന്നെ ലീഗ് നേതാക്കളുമായി സംസാരിച്ചു. ഘടകകക്ഷികളുടെ വികാരം ഉൾക്കൊള്ളുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടി കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവും. യുഡിഎഫിന്റെ ഭാഗമായതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.
കഴിഞ്ഞ നാല് ദിവസമായി കെ സുധാകരനെതിരെ പല നേതാക്കളും പരസ്യമായി പ്രതികരിച്ചെങ്കിലും ലീഗ് യോഗം എത്തിചേർന്നത് വിവാദം തുടരേണ്ട എന്ന നിലപാടിലാണ്. പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ആമുഖപ്രസംഗത്തിൽ കെ സുധാകരനുമായി സംസാരിച്ചതായും അദ്ദേഹം മനപ്പൂർവ്വം പറഞ്ഞതല്ലെന്നും വ്യക്തമാക്കി. ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ള നേതാക്കളും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. ഇതേ തുടർന്നാണ് പരസ്യ വിവാദം തുടരേണ്ട എന്ന നിലപാടിൽ യോഗം എത്തിച്ചേര്‍ന്നത്.
















